
തിരുവനന്തപുരം: പൊലീസിലെ നിർണായക നിയമനങ്ങളിൽ നടത്തിവരുന്ന അഭിരുചി പരീക്ഷയെ ചൊല്ലി വിവാദം. ക്രൈംബ്രാഞ്ചിലേക്കും സ്പെഷ്യൽ ബ്രാഞ്ചിലേക്കും അന്വേഷണ മികവുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനായി ഏഴ് വർഷമായി നടത്തിവരുന്ന പരീക്ഷ ഇത്തവണ അട്ടിമറിക്കാൻ നീക്കം നടന്നെന്നാണ് ആരോപണം.
ക്രൈംബ്രാഞ്ചിൽ പരീക്ഷ നടത്തുന്നതിന് മുമ്പ് തന്നെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റ ഉത്തരവ് ക്രൈംബ്രാഞ്ച് മേധാവി പുറപ്പെടുവിച്ചതാണ് വിവാദമായത്. ഭരണാനുകൂലികളായ പൊലീസുകാരെ പരീക്ഷ ഒഴിവാക്കി നിയമിക്കാനാണ് നീക്കമെന്ന ആക്ഷേപവും ഉയർന്നു. ഇതിനെതിരെ ഐജിമാരും എസ്പിമാരും രംഗത്തെത്തിയതായാണ് വിവരം.
ഇന്റലിജൻസ് വിഭാഗത്തിലും ഇതുവരെ അഭിരുചി പരീക്ഷ നടത്തിയിട്ടില്ല. ഈ മാസം 30ന് പരീക്ഷ നടത്താനാണ് നിലവിലെ തീരുമാനം. എന്നാൽ പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സമ്മർദം തുടരുന്നതായും റിപ്പോർട്ടുണ്ട്.
അതേസമയം, സമ്മർദങ്ങൾ മറികടന്ന് വിജിലൻസ് വിഭാഗത്തിൽ മാത്രമാണ് ഇത്തവണ അഭിരുചി പരീക്ഷ നടത്തിയത്. അന്വേഷണ രംഗത്ത് പ്രാവീണ്യമുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷാ നടപടികളിലാണ് വിവിധ വിഭാഗങ്ങളിലായി അനിശ്ചിതത്വം തുടരുന്നത്.










